പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി.
സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത് പോലെ സ്വയം വഞ്ചിക്കാന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. വേണമെങ്കില്‍ ഞാന്‍ നല്ലൊരു പ്രാര്‍ത്ഥനക്കാരനാണെന്ന് മറ്റുള്ളവരോടും പറയാം. അതല്ല ദൈവത്തിനു ആവശ്യം.
ദൈവാശ്രയ ബോധത്തോടെയും നിര്‍മല ഹൃദയത്തോടും സുബോധത്തോടെയും പരിജ്ഞാനത്തോടെയുമുള്ള പ്രാര്‍ത്ഥന ദൈവമക്കള്‍ ആയി തീര്‍ന്നവര്‍ക്ക് ദൈവാത്മാവിന്റെ ദിവ്യ സഹായത്താല്‍ സാദ്ധ്യമാണ്. ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്കുള്ള ആത്മശക്തിയുടെ ആവശ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ ഗാനം.
ഇന്നേരം പ്രിയ ദൈവമേ നിന്നാത്മ ശക്തി
തന്നാലും പ്രാര്‍ത്ഥിച്ചിടുവാന്‍
നിന്നോട് പ്രാര്‍ത്ഥിച്ചിടാന്‍ നിന്നടിയങ്ങള്‍ നിന്‍റെ
സന്നിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു നാഥാ..
മന്ദതയെല്ലാം നീക്കുക നിന്നടിയാരില്‍
തന്നരുള്‍ നല്ലുണര്‍ച്ചയെ
വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്കമിവ
ഒന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി
ഓരോ ചിന്തകള്‍ ഞങ്ങളില്‍ വരുന്നേ -
മനസോരോന്നും പതറിടുന്നെ
ഘോര വൈരിയോടു നീ പോരാടി അടിയര്‍ക്കു
ചോരയാല്‍ ജയം നല്‍കിടേണം പരമനാഥാ..
നിന്‍ തിരു വാഗ്ദത്തങ്ങളെ മനതളിരില്‍
ചിന്തിച്ചു നല്ലധൈര്യമായ്
ശാന്തതയോടും ഭവല്‍ സന്നിധി ബോധത്തോടും
സന്തതം പ്രാര്‍ത്ഥിച്ചിടാന്‍ നിന്‍ തുണ നല്‍കിടേണം
രചന: പി. വി. തൊമ്മി
ആലാപനം: എ. സി. തോമസ്
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍