തുംഗ പ്രതാപമാര്‍ന്ന ശ്രീയേശു നായകനേ
ഞങ്ങള്‍ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേ
വണങ്ങിടുന്നടിയാര്‍ തവ പദങ്ങളാശ്രയമേ
നിര്‍മ്മലമായ രക്തം ശര്‍മദാ നീ ചൊരിഞ്ഞു
കന്മഷം പോക്കി ദുഷ്ട കര്‍മ്മ ഫലത്തില്‍ നിന്നും
വിടുതല്‍ ചെയ്തതിനാല്‍ ഞങ്ങളടി വണങ്ങിടുന്നെ
ഗദസമേനയെന്ന തോട്ടത്തിലെത്തി ഭവാന്‍
രക്തം വിയര്‍ത്തധിക ദു:ഖമനുഭവിച്ച
ചരിതമോര്‍ത്തിടുമ്പോള്‍ മനമുരുകിടുന്നു പരാ
നിന്‍ സൌമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാര്‍
വന്‍ പ്രാതികൂല്യ മദ്ധ്യേ മുന്‍പോട്ടു യാത്ര ചെയ്‌വാന്‍
തിരുമുഖ പ്രകാശം ഞങ്ങള്‍ക്കരുള്‍ക നീ സതതം
ലോകൈക സത്ഗുരുവേ സ്വര്‍ ജീവനക്കരുവേ
ദാസര്‍ക്കഭീഷ്ടമേകും മന്ദാരമാം തരുവേ
തിരുവടി നിയതം ഞങ്ങള്‍ക്കരുളണമഭയം
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്