എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു തന്റെ മഹിമ നിസ്തുലം
ഇത്ര മഹാനായ് ഉത്തമനാകുമൊരുത്തനെയുലകില്‍ കാണുമോ?
ഉന്നത ദൈവ നന്ദനനുലകില്‍ വന്നിതു കന്യാ ജാതനായ്
ഇന്നോളമൊരാള്‍ വന്നില്ലിതുപോള്‍ തന്നവതാരം നിസ്തുലം
തല ചായ്പ്പാനായ് സ്ഥലമില്ലാഞ്ഞോന്‍ ഉലക മഹാന്മാര്‍ മുന്‍പിലും
തല താഴ്ത്താതെ നില തെറ്റാതെ നലമൊടു ജീവിച്ചത്ഭുതം
കുരുടര്‍ കണ്ടു തിരുടര്‍ വിരണ്ടു ശാന്തത പൂണ്ടു സാഗരം
തെല്ലിര കൊണ്ടു ബഹുജനമുണ്ടു മൃതരുയിര്‍ പൂണ്ടു ക്രിസ്തനാല്‍
കലുഷത ലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തൊരാള്‍
മരണമതിന്‍ വിധിയെഴുതിയതിവനെ പ്രതി മാത്രം ഭൂവിയത്ഭുതം
പാറ പിളര്‍ന്നു പാരിളകുന്നു പാവന മൃതരുയിരാര്‍ന്നു ഹാ!
കീറുകയായ് തിരശീലയും തന്‍ മൃതി നേരം സൂര്യനിരുണ്ട് പോയ്
ഭൂതല നാഥന്‍ തന്നുടെ മരണം കാണുക ദുര്‍വഹമായതോ
ഭൂരി ഭയം പൂണ്ടിളകുകയോ ഈ പ്രകൃതികള്‍ അഖിലമിതത്ഭുതം
മൃതിയെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും
ഹൃദി ബോധം ലവമുള്ളോരെല്ലാം അടിപണിയും തന്‍ സന്നിധൌ
ഒലിവെന്നോതും മലയില്‍ നിന്നും തിരു ജനമരികില്‍ നില്‍ക്കവേ
ചരണമുയര്‍ന്നു ഗഗനെ ഗതനായ് താതന്നരികിലമര്‍ന്നു ഹാ!
രചന: ടി. കെ. സാമുവേല്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്